പ്രസവം കലയോ, കാര്യമോ?


പിണങ്ങോട് അബൂബക്കര്‍ 


      ബ്ലസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത് ചെറുവിവാദങ്ങള്‍ക്കിടയാക്കി. തന്റെ പ്രസവം ജനങ്ങളറിയുന്നതിന്നുവേണ്ടി, എന്താണ് പ്രസവം, എങ്ങനെയാണ് പ്രസവം, പ്രസവത്തിലൂടെ സ്ത്രീ നിര്‍വ്വഹിക്കുന്ന ധര്‍മം എങ്ങനെയെന്ന് അറിയിക്കാനാണീ നടപടിയെന്ന് ശ്വേത പറയുന്നു.
      സ്ത്രീകളുടെ സ്വകാര്യതയും മഹത്വവുമാണ് ശ്വേത കളങ്കപ്പെടുത്തിയതെന്ന് വിമര്‍ശകരും.. സിനിമാ രംഗത്തെ പ്രമുഖരും കക്ഷി ചേരുന്നു. ലിബര്‍ട്ടി ബശീര്‍ ശ്വേതയുടെ നടപടി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സംവിധായകന്‍ ബാബു അതിരൂക്ഷമായി അനുകൂലിച്ചു.

      സിനിമ കാണാതെയാണ് വിമര്‍ശനമെന്നാണ് അനുകൂലികളുടെ ആവലാതി. കളിമണ്ണ് എന്ന സിനിമയില്‍ ഒരു മിനുട്ട് മാത്രമാണത്രെ പ്രസവരംഗം ചിത്രീകരിച്ചത്. അഥായത് ഒരു മിന്നായം പോലെ. ലേബര്‍ മുറിയില്‍ നിന്ന് തന്നെയാണ് ചിത്രീകരണം. ശ്വേത വേദനകൊണ്ട് ഞെരിപിരി കൊള്ളുമ്പോള്‍ കട്ട് പറയാനാവാതെ കേമറാമാന്‍ അനുഭവിച്ച പ്രയാസം ചില്ലറയാവില്ല.

      ''സ്ത്രീത്വം'' ഇവിടെ മാനിക്കപ്പെടുകയാണോ, അപമാനിക്കപ്പെടുകയാണോ? തര്‍ക്കം പിടിക്കാന്‍ വകുപ്പുണ്ടെങ്കിലും ഒഴിവാക്കുന്നതായിരുന്നു ഭംഗി. എന്ത്‌കൊണ്ടെന്നാല്‍ പ്രസവം ഒരു കലയല്ലല്ലോ. ഏതൊരമ്മയും ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ആ കുഞ്ഞ് ഒരമ്മക്കും ജന്മം നല്‍കുന്നുണ്ട്. ഈ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ തന്റെ അമ്മ തനിക്ക് ജന്മം നല്‍കിയത് മൂവികാമറക്ക് മുമ്പിലാണെന്നറിയുന്നത് മുഷിപ്പുണ്ടാക്കുന്ന കാര്യമാണല്ലോ.
      സിനിമ ഒരു കലയാണ്. സംവിധായകന്റെ കല-ഛായഗ്രഹകന്റെയും രംഗസംവിധായകന്റെയും മിടുക്ക് അഭിനേതാവിന്റെ മികവ് ഇതിലെവിടെ പ്രസവം വരുന്നു. പ്രസവം അഭിനയമാണോ? യാഥാര്‍ത്ഥ്യമോ? ഏക ലോചനയാണത്രെ മികച്ച അഭിനയ രൂപം. ഒരേ ഘട്ടം ഒരു കണ്ണില്‍ ശൗര്യവും മറുകണ്ണില്‍ ശ്രങ്കാരവും അഭിനയിക്കുന്ന അത്യപൂര്‍വ്വ മികവ്. സിനിമയുടെ ന്യായന്യായങ്ങള്‍ എന്തൊക്കെയാണെങ്കിലും സത്രീത്വം കാത്തുപോരുന്ന സ്വകാര്യതകള്‍ തുറന്നിടുന്നത് എങ്ങനെ ന്യായീകരിക്കും?
      സിനിമക്കെതിരില്‍ ചില മഹിളാ സംഘടനകള്‍ രംഗത്തുവന്നപ്പോള്‍ ചിലര്‍ അര്‍ത്ഥ ഗര്‍ഭമായ മൗനത്തിലാണ് ഉന്നത സാംസ്‌ക്കാരിക നായകരും പ്രതികരിച്ചിട്ടില്ല. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മുന്‍മന്ത്രി ജി.സുധാകരന്‍ തുടങ്ങിയവരൊക്കെ ശ്വേതയുടെ നടപടി അപക്വമായെന്നും ഒഴിവാക്കേണ്ടതായിരുന്നു എന്നും പറഞ്ഞു കഴിഞ്ഞു. മാറിയ സാഹചര്യത്തില്‍ നവതലമുറയെ ഒന്നുകൂടി വേഗത്തില്‍ വഴിമാറി ചിന്തിപ്പിക്കാന്‍ ഒരു പക്ഷെ ശ്വേതയുടെ നടപടി സഹായകമാവും.
      അമ്മയായാല്‍ മതി അച്ചനാരണെന്നറിയേണ്ടതില്ലെന്ന മട്ടിലാണ് സംഗതികള്‍ പുരോഗമിക്കുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഏറ്റവും ലാഭകരമായ ഏര്‍പ്പാട് പുരുഷ ബീജ വില്‍പനയായി വളര്‍ന്നിരിക്കുന്നു. ഫ്രീസറില്‍ സൂക്ഷിക്കുന്ന ഇത്തരം ബീജങ്ങള്‍ വിലകൊടുത്തു വാങ്ങി ഗര്‍ഭപാത്രത്തിലിട്ട് വളര്‍ത്തിയെടുത്തു പ്രസവിക്കുന്നതിന് വാടകക്ക് ഗര്‍ഭ പാത്രവും ഇന്ത്യയില്‍ വന്‍തോതില്‍ ലഭ്യമാണ്.
      അച്ചനമ്മമാരെന്നറിയാതെ വളരുന്ന അനേകായിരങ്ങള്‍ ഇപ്പോള്‍തന്നെ സ്വദേശത്തും വിദേശത്തും പരന്നു കഴിഞ്ഞു. ഇങ്ങനെ കച്ചവടം നടത്തുന്ന ലാബുകള്‍ നിരവധി. നാം കാത്തു സൂക്ഷിച്ച സാംസ്‌ക്കാരിക ശേഷിപ്പുകള്‍ കൈമോശം വരികയാണ്.
      എല്ലാ ജാതിയിലും വിവാഹം ഒരു സാമൂഹികാംഗീകാര ചടങ്ങാണ്. നാലാള്‍ അറിഞ്ഞു നാട്ടുകാരുടെ അറിവിലും ആശിര്‍വാദത്തിലും സന്തോഷകരമായി നടക്കുന്നതാണ് കല്യാണം. ഗര്‍ഭിണിയായാല്‍ ചില നാട്ടുമാമൂലുകള്‍ ഉണ്ടായിരുന്നു. ജന്മത്തെ മാനിക്കലും ജന്മം നല്‍കിയവരെ ആദരിക്കലും അംഗീകരിക്കലുമൊക്കെയായിരുന്നു ഈ നടപടി. ഇതും ഒരു സാമൂഹികാംഗീകാരം തന്നെ. പിറക്കുന്ന കുഞ്ഞിന് ഒദ്യോഗിക മാതാപിതാക്കളുണ്ടെന്ന പ്രഖ്യാപനം.
      പേറ്റ്കൂട്ട് എന്ന ചടങ്ങുതന്നെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്. ഗര്‍ഭിണികള്‍ക്ക് മധുരപലഹാരം നല്‍കല്‍, സന്ദര്‍ശിക്കല്‍ ഇതൊക്കെ കാരണവന്മാര്‍ രൂപകല്‍പ്പന ചെയ്ത ചടങ്ങുകളായിരുന്നു. ഗര്‍ഭശിശുവിന്റെ മാനസിക-ശാരീരികാരോഗ്യത്തിനും വളര്‍ച്ചക്കും അമ്മയുടെ മാനസിക സന്തോഷവുമായി ബന്ധമുണ്ടെന്നും സന്തോഷവധിയായ അമ്മയുടെ ഉദരത്തിലാണ് കുഞ്ഞു വളരേണ്ടതെന്നും ആധുനിക വൈദ്യശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
      ഗര്‍ഭവും, പ്രസവവും ഏറെ മഹത്വമുള്ള സംഗതി തന്നെ. അതിനെ സമീപിക്കേണ്ടത് ആ അര്‍ത്ഥത്തിലാണ്. ഏതൊരു അമ്മയുടെയും ഉദരംവഴി വരുന്നവരാണല്ലോ. പില്‍കാലത്ത് നേതാക്കളും പണ്ഡിതരും മഹാന്മാരുമൊക്കെയാവേണ്ടത്. അതിങ്ങനെ ഒരു കലാ പ്രകടനമാക്കുന്നതിന്റെ നീതിബോധം മനസിലാക്കാന്‍ പ്രയാസം തോന്നുന്നു.
      സിവിലിയേഷന്‍ ചെയ്ഞ്ച് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ നാഗരീകമാറ്റങ്ങള്‍ പാര്‍പ്പിടം ജീവിതരീതികള്‍, നഗരവല്‍ക്കരണം, വസ്ത്രം തുടങ്ങിയ ഉപരിതലത്തിലൊതുതങ്ങുന്നതാണ് ഇരുപത് നൂറ്റാണ്ടുകളിലും ചരിത്രത്തിന് കാണാനായത്. അടിമുടി ഒരു പറിച്ചുനടല്‍ അതിത്‌വരെ ഉണ്ടായിരുന്നില്ല.
      പ്രസവം സ്വകാര്യതയല്ല. സ്ത്രീത്വം അറിയിക്കലാണ്. അതിനാല്‍ അത് പരസ്യമാക്കുന്നതാണ് മാനവീകത എന്ന വാദക്കാര്‍ താമസിയാതെ ശാരീരിക ബന്ധം സ്വകാര്യ മുറിയിലല്ല നടക്കേണ്ടത് തുറസ്സായ ഇടങ്ങളിലാണ് അതൊരു മനോഹര കലയാണെന്ന് വാദിച്ചാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും പക്ഷങ്ങളുണ്ടാവും. നാളത്തെ ലോകമെന്താവും?
      മാതാപിതാക്കളുടെയും കാരണവന്മാരുടെയും കരുതലുകള്‍ ഇവിടെ അടയാളപ്പെടുത്തുകയാണ്. കാട്ടുജീവികള്‍ക്കുപോലും ചില അതിരുകളും വ്യവസ്ഥകളും ഉണ്ടെന്നാണല്ലോ അറിഞ്ഞ വിവരം. അവരവര്‍ അവരുടെ അതിരു വിട്ട് പോകാറില്ല. അത് അവരുടെയും ഇതര ജീവികളുടെയും വംശവര്‍ദ്ദനവുമായി ബന്ധപ്പെട്ട പ്രകൃതി വ്യവസ്ഥയാണ്. ഈ ആവാസ വ്യവസ്ഥ നാഗരീക മാറ്റങ്ങളില്‍ കടപുഴകീട്ടില്ല. നായിക്കട്ടിയില്‍ പുലിയിറങ്ങിയത് കാടില്ലാതെ. ഉള്ളകാട്ടില്‍ ആഹാരമില്ലാതെ വശം കെട്ടതാണെന്ന് വേണം മനസിലാക്കാന്‍.
      മാനവരാശിക്ക് വേണ്ടി രൂപപ്പെട്ട വ്യവസ്ഥകള്‍ മാനിക്കാന്‍ ആധുനിക മനുഷ്യരും ബാധ്യസ്ഥരാണ്. പുതിയ ജനറേഷന്‍ എന്ന ഓമനപ്പേരിലത് തിരുത്താന്‍ അനുവദിച്ചുകൂടാത്തതാണ്.
      തലമുറകളായി സൂക്ഷിച്ചുവരുന്ന നാട്ടുമാമൂലുകള്‍, കാരണവന്മാര്‍ രൂപപ്പെടുത്തിയ രീതികള്‍ അതൊക്കെ മനുഷ്യസമൂഹത്തിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നു. ആഴത്തിലിറങ്ങി പരിശോധിക്കുമ്പോള്‍ ഇതൊക്കെ ഗ്രാഹ്യമാവുന്നതാണ്.
      കലയുടെയും പഠനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ കാണിക്കുന്ന അതിരുകളില്ലാത്ത അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ചെറിയൊരു ന്യൂനപക്ഷം വലിയൊരു സമൂഹത്തെ പരിഹസിക്കുന്ന അവസ്ഥവന്നുകൂടാ. ശ്വേതാ മേനോന്റെ മാതാപിതാക്കള്‍, ഭര്‍ത്താവ്, കുടുംബകാരണവന്മാര്‍ക്കൊക്കെ ഈ നടപടിയില്‍ പങ്കുണ്ട്. പണം കായ്ക്കുന്ന മരമെന്ന നിലക്ക് മകള്‍ കാണിക്കുന്നതെല്ലാം മൗനമായി സമ്മതിക്കുന്ന രക്ഷാകര്‍തൃത്വം രക്ഷകരാവുന്നില്ലല്ലോ.
      ''ചീപ്പ് പബ്ലിസിറ്റി'' എന്നൊരു വശവും ചിലര്‍ പറഞ്ഞു കേള്‍ക്കുന്നു. എങ്കിലതും നിരാകരിക്കപ്പെടണം. നിരന്തരം സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ സിനിമ വിജയിക്കാന്‍ തിയേറ്ററകുളിലേക്ക് യൂവാക്കളുടെ ഇരച്ചുകയറല്‍ ലക്ഷ്യമിട്ടാണ് സംവിധായകന്‍ ഇങ്ങനെയൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന പക്ഷക്കാരും ഉണ്ട്. അങ്ങനെയെങ്കില്‍ അതൊരു കൊള്ളക്കാരന്റെ മനസിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
      കിഴക്കന്‍ നാടുകളില്‍ സ്ത്രീകളുടെ സൗന്ദര്യവും പണവും കൊള്ളയടിക്കുന്ന പുരുഷാധിപത്യത്തിന്റെ സൗകര്യപ്രദമായ സമീപനമാണ് അന്നാട്ടിലെ സ്ത്രീകള്‍ക്കനുവദിച്ച പരിധിവിട്ട സ്വാതന്ത്ര്യം. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് വന്‍ നഷ്ടമാണത് വരുത്തിവെക്കുന്നതെന്ന് അവരറിയുന്നത് യുവത്വം തീരുന്നതോടെയാണ്. പിന്നെയവര്‍ ഒറ്റപ്പെടുന്നു ''സ്ത്രീത്വം'' മാനിക്കേണ്ടത് പുരുഷനാണ്. അതിന് സ്ത്രീത്വം സ്ത്രീ തന്നെ മാനിക്കുന്നതിന് തയ്യാറാവണം. ആധുനികതയുടെ പേരില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്ന മാതാപിതാക്കള്‍ പിന്നീട് അനുഭവിക്കേണ്ടിവരും, മക്കളും.