അറഫാത്ത് : ഇനി തെളിവുകള്‍ സംസാരിക്കട്ടെ


     ഭൂരിപക്ഷ ഫലസ്തീനികളും വേദനയും ദുഖവുമനുഭവിക്കുകയാണ്. തങ്ങളുടെ മുന്‍പ്രസിഡന്റായിരുന്ന യാസിര്‍ അറഫാത്തിന്റെ മൃതദേഹം പരിശോധനക്കായി പുറത്തെടുക്കുകയാണ്. റഷ്യ, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ദരാണ് അതിന് മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന് വിഷം നല്‍കി വധിച്ചുവെന്ന ആരോപണത്തെ തെളിയിക്കുന്ന പൊളോണിയത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്നതാണ് അറിയേണ്ടത്.

    തങ്ങളുടെ നേതാവിന്റെ കല്ലറ തുറക്കുന്നതും, മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതും ഒരു തരം അപമാനമായാണ് ഭൂരിപക്ഷം ഫലസ്തീനികളും വിലയിരുത്തുന്നത്. പക്ഷെ അദ്ദേഹത്തിന്റെ വിധവ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ഫ്രഞ്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ ഇത് അനിവാര്യമാവുകയാണുണ്ടായത്. അല്‍ജസീറ ചാനല്‍ നടത്തിയ പ്രത്യേക അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിലും, മറ്റും പൊളോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ, മരണത്തെക്കുറിച്ച ഊഹാപോഹങ്ങള്‍ പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത് ചരിത്രത്തിലെ മഹാന്മാരില്‍ പെട്ട ഒരു വ്യക്തിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അതിനെ എതിര്‍ക്കുന്നവരില്‍ മുന്‍പന്തിയിലുള്ള, അദ്ദേഹത്തിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സംസാരിക്കുന്ന സഹോദരിയുടെ മകന്‍ നാസിര്‍ ഖുദ്‌വ പറയുന്നത്. 'ഫലസ്തീന്‍ പ്രസിഡന്റ് വിഷബാധയേറ്റ് കൊല്ലപ്പെട്ടതാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. അറഫാത്തിനെ ഒഴിവാക്കാന്‍ ഇസ്രായേല്‍ ഭരണകൂടം ഔദ്യോഗികമായി പദ്ധതിയിട്ടുവെന്നതിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാന്‍  സാധിക്കാത്ത രോഗമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് വൈദ്യറിപ്പോര്‍ട്ടില്‍ കുറിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ പൊളോണിയത്തിന്റെ സാന്നിദ്ധ്യം ഇക്കാര്യങ്ങളൊക്കെയും ഉറപ്പ് വരുത്തുന്നു.' അദ്ദേഹം പറയുന്നു.

ആരോപണത്തിന്റെ വിരലുകളെല്ലാം ചൂണ്ടപ്പെടുന്നത് ഇസ്രായേലിന് നേരെയാണ്. പ്രത്യേകിച്ചും അറഫാത്തിന് മുമ്പെ താന്‍ മരിക്കില്ലെന്ന് ഇടക്കിടെ പ്രഖ്യാപിച്ചിരുന്ന അവരുടെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിലേക്ക്. റാമല്ലയിലെ സ്വവസതിയില്‍ രണ്ട് വര്‍ഷത്തോളം വൈദ്യുതിയും വെള്ളവും വിഛേദിച്ച് അയാള്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കുകയുണ്ടായി.

ഈ പ്രശ്‌നം വീണ്ടും ഉയര്‍ത്തപ്പെട്ടതിന് പിന്നിലുള്ള കാരണങ്ങളെന്താണ്? കൊല്ലപ്പെട്ട് എട്ട് വര്‍ഷത്തിന് ശേഷം കല്ലറ തുറക്കാനുള്ള ഒരു ശ്രമം എന്തുകൊണ്ടുണ്ടായി? തുടങ്ങിയവ പ്രസക്തമായ ചോദ്യങ്ങളാണ്. മാത്രമല്ല, കാര്യം വ്യക്തമായിട്ട് പോലും പ്രസ്തുത പരിശോധനക്കായി ഫലസ്തീന്‍ ഗവണ്‍മെന്റ് മുന്നിട്ടിറങ്ങുകയോ, സ്വിറ്റ്‌സര്‍ലന്റിലെ ലാബ് പോലുള്ള അന്താരാഷ്ട്ര ലബോറട്ടറികളോട് നിര്‍ദേശിക്കുകയോ ചെയ്യാതിരുന്നത് എന്ത് കൊണ്ട്?

അറഫാത്തിന്റെ ശരീരത്തില്‍ നിന്നെടുത്ത വിഷംപുരണ്ട മെഡിക്കല്‍ സാമ്പിളുകള്‍ അപ്രത്യക്ഷമായതെങ്ങനെയെന്നതാണ് സുപ്രധാന ചോദ്യം. ഫ്രാന്‍സിലെ സൈനിക ഹോസ്പിറ്റലില്‍ സൂക്ഷിക്കപ്പെട്ടിരുന്ന മലം, മൂത്രം, രക്തം തുടങ്ങിയവയുടെ സാമ്പിളുകള്‍ ഇവക്ക് ഉദാഹരണമാണ്. പരിശോധകരുടെ കണ്ണില്‍ നിന്നും ഇവയെ മറച്ച് വെക്കാന്‍ ബോധപൂര്‍വം പരിശ്രമിച്ച ചിലയാളുകളുണ്ടെന്നത് ഉറപ്പാണ്. അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം കൊലപാത രഹസ്യവും മണ്ണിട്ട് മൂടാമെന്നവര്‍ കണക്ക്കൂട്ടി. പക്ഷെ ഫ്രഞ്ച് കോടതിയുടെ ഭാഗത്ത് നിന്ന് പരിശോധന പുനരാരംഭിച്ചിരിക്കുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയ രീതിയെയും, അതിനുപയോഗിച്ച ഉപകരണത്തെയും കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായേക്കാം. ലോകത്ത് പൊളോണിയം വിഷം കയ്യിലുള്ള മൂന്നേ മൂന്ന് രാഷ്ട്രങ്ങളാണുള്ളത്. ഇസ്രായേല്‍, അമേരിക്ക, റഷ്യ തുടങ്ങിയവയാണ് അവ.

മുന്‍പ്രസിഡന്റ് വിഷബാധയേറ്റ് കൊല്ലപ്പെട്ടതാണെന്ന സ്വിറ്റ്‌സര്‍ലന്റ് ലബോറട്ടറി വ്യക്തമാക്കിയത് തന്നെയാണ് ഫ്രാന്‍സിനും വിധിക്കാനുള്ളത്. പിന്നീടുള്ളത്, അതിന് കൂട്ട് നിന്ന, നേതൃത്വം നല്‍കിയ കുറ്റവാളികളെ കണ്ടെത്തുകയെന്നതാണ്. അതില്‍ സാധ്യതയുള്ളത് ഇസ്രായേലുമാണ്.

  ഇസ്രായേലിന് നേരെയാണ് ആരോപണം വരുന്നതെങ്കില്‍ അതെങ്ങനെ സ്ഥാപിക്കപ്പെടുമെന്നത് ഒരു വിഷയമാണ്. ഒരു പക്ഷെ ഈ നീചകൃത്യം ചെയ്യാന്‍ ഫലസ്തീന്‍ വിഭാഗങ്ങളേതെങ്കിലും അവരെ സഹായിച്ചിണ്ടായിരിക്കാം. വിശിഷ്യാ, കൊല്ലപ്പെടുന്ന, ഉപരോധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ചില വ്യക്തികളിലേക്കാണ് സൂചന. യാഥാര്‍ത്ഥ്യം ശരിയാംവിധം അറിയുകയെന്നത് ഫലസ്തീന്‍ ജനതയുടെയും, ലോകത്തിന്റെയും അവകാശമാണ്. യുദ്ധക്കുറ്റത്തോളമെത്തുന്ന ഈ തോന്നിവാസത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കശിക്ഷ ലഭിക്കേണ്ടതുണ്ട്.

കല്ലറ തുറക്കുന്നതും, മൃതദേഹം പുറത്തെടുക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിനും, ഫലസ്തീന്‍ ജനതക്കും വേദനയുളവാക്കുന്ന കാര്യമാണെന്ന് നമുക്കറിയാം. എന്നാല്‍ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ അത് വഴിവെക്കുമെങ്കില്‍ പ്രസ്തുത പ്രവര്‍ത്തനം ന്യായീകരിക്കപ്പെടാവുന്നതാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള പോരാളികളെ അതിനിഗൂഢമായി കൊലപ്പെടുത്തുന്ന ഇസ്രായേലെന്ന കുറ്റവാളിയെ പുറത്ത് കൊണ്ട് വരാന്‍ അത് സഹായിച്ചേക്കും. ബൈറൂത്തില്‍  കമാല്‍ നാസ്വിര്‍, കമാല്‍ അദവാന്‍, അബൂയൂസുഫ് നജ്ജാര്‍, ഗസ്സാന്‍ കന്‍ഫാനി തുനീഷ്യയില്‍ കലീല്‍ വസീര്‍, സ്വലാഹ് കല്‍ഫ്, അബുല്‍ഹൗല്‍, ഗസ്സയില്‍ അഹ്മദ് യാസീന്‍, റന്‍തീസി, ശഹാദ, അഹ്മദ് ജഅ്ബരി, യഹ്‌യ അയാഷ് തുടങ്ങിയവര്‍ ആ നിരയിലെ ഏതാനും പേര്‍ മാത്രം.

കുറ്റകൃത്യം ഫലസ്തീനില്‍ വെച്ചാണ് നടന്നത്. അറഫാത്ത് രക്തസാക്ഷിത്വം വരിച്ചത് ഫ്രാന്‍സില്‍ വെച്ചും. അതിനാല്‍ കേവലം മരണകാരണം സ്ഥിരീകരിക്കുക മാത്രമല്ല, മറിച്ച് അതിനുത്തരവാദികളായവരെ കണ്ടെത്തുകയും ചെയ്യാനുള്ള ബാധ്യത നിയമപരമായും ധാര്‍മികമായും ഫ്രാന്‍സിനുണ്ട്.